പോക്കുട്ടി ഹാജി മുന്നില്‍ നടന്നു;പാലത്തിന് ജനകീയ ഉദ്ഘാടനം(19/3/2011)



ഇരുവഴിഞ്ഞിപ്പുഴക്ക് ഇരു കരകളിലും ഒരേ മനസ്സുള്ള രണ്ടു്‌ സമൂഹങ്ങള്‍ ഈയൊരു സ്വപ്ന സാക്ഷാല്‍കാരത്തിനായി ദശാബ്ദങ്ങളായി കാത്തിരിക്കുന്നു. രണ്ട് മരണങ്ങളുടെ പിന്‍ബലമുള്ള നാട്ടുകാരുടെ വലിയ ആവശ്യമായിരുന്നു അത്. ഭരണകൂടങ്ങളുടെ നിരന്തരമായ അവഗണനക്ക് പക്ഷെ ജനങ്ങളുടെ ആശ കെടുത്തിക്കളയാനുള്ള കരുത്തുണ്ടായില്ല. തിരുവമ്പാടി മണ്ഡലം എം.എല്‍.എ ജോര്‍ജ്. എം. തോമസിന്‌ തന്നെയാണ്‌ ഫുള്‍ മാര്‍ക്ക്. അപകടം നടന്ന്‌ നീണ്ട 29 വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ അവസാനമാണ്‌ ഇന്നലെ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്‌ ജനകീയ ഉദ്ഘാടനത്തിന്‌ വഴിയൊരുക്കിയതെങ്കിലും അത് നാട്ടുകാര്‍ക്ക് ദൈവം അറിഞ്ഞു നല്‍കിയതാണ്‌.
രണ്ടായിരത്തി ഒന്‍പതാമാണ്ടിന്റെ ഒടുവില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ ജോസഫ് തറക്കല്ലിട്ട പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ചേന്ദമംഗല്ലൂരിലെയും കൊടിയത്തൂരിലെയും കാരണവന്മാരുടെ നേതൃത്വത്തിലാണ്‌ നടന്നത്. ഏറെക്കാലം തെയ്യത്തുകടവിനൊപ്പം ജീവിച്ച മാടത്തിങ്ങള്‍ പോക്കുട്ടി ഹാജി മുന്നില്‍ നടന്ന്‌ ഉദ്ഘാടകനായി.പിന്നില്‍ കെസി. കോയാമു ഹാജി, ബി.കെ അഹമ്മദുസ്താദ്, മാടത്തിങ്ങള്‍ മൊയ്ദീന്‍‌കുട്ടി ഹാജി, കെ.ടി കരീമുസ്താദ്,വാട്ട് കാക്ക,പയനാട്ട് മുഹമ്മദ്, കൂടന്‍ മുഹമ്മദ്,മുഹമ്മദ് കുറ്റിയോട്ട് മുതലുള്ള വയസന്‍ പടയും. രണ്ടുകരകളിലേയും ആണും പെണ്ണുമടക്കമുള്ള ധാരാളം പേര്‍ പിന്നണി ചേര്‍ന്നു. അങ്ങനെ പ്രൗഢമായ ഒരുദ്ഘാടന ചടങ്ങ്.
കൊട്ടമ്മേലെയും അങ്ങാടിയിലേയുമൊക്കെ വൈകുന്നേര നടത്തം ഇന്നലെയും ഇന്നുമൊക്കെ പാലത്തിലൂടെയായിരുന്നു. ധാരാളം പേര്‍ സകുടുംബം അക്കരെ കടന്ന് മടങ്ങിപ്പോകുന്നു. എല്ലാവരുടെയും മുഖത്ത് ഉത്സവത്തെളിച്ചം. പാലം പണി തീര്‍ന്നെങ്കിലും വാഹന ഗതാഗതത്തിനുതിനുള്ള പാകമായിട്ടില്ല. രണ്ടു ഭാഗങ്ങളിലും മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മ്മിക്കാനുള്ള പണികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കാല്‍ നടയാത്രക്കാര്‍ക്കുള്ള സൗകര്യമാണ്‌ ഒരുക്കിയിട്ടുള്ളത്.









Sabique K

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2011 cmr on web Chennamangallur News chennamangaloor GMUP school